ഓണം എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഒരു നൊസ്റ്റാള്‍ജിയ ഞാന്‍ മാത്രമല്ല നമ്മളെല്ലാരും അനുഭവിക്കുന്നതല്ലേ??? ഹേ അങ്ങനെയൊന്നും തോന്നിയിട്ടില്ലാ എന്ന് പറഞ്ഞാല്‍ ......ചുമ്മാ ജാടക്ക് പറയുന്നതാണ് എന്നെ ഞാന്‍ പറയൂ. എന്തായാലും ഈ കഴിഞ്ഞ വര്‍ഷവും ഞാന്‍ ഓണത്തിന് നാട്ടില്‍ എത്തി. കൃത്യമായി പറഞ്ഞാല്‍, 24 വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച എന്റെ അപ്പൂപ്പന് മരിച്ചു എന്ന് പറഞ്ഞു വീട്ടില്‍ നിന്ന് വാമഭാഗത്തിനെ കൊണ്ട് മെയില്‍ അയപ്പിക്കാന്‍ തീരുമാനിച്ചു.ഇനി ഒരു മാസം ഈ അവതാരത്തിനെ സഹിക്കണമെല്ലൊ എന്നോര്‍ത്താവാം അവള് ആദ്യം ഒന്ന് മടിച്ചു.പിന്നെ ഞാന്‍ MCR Roshini ,Vstar , Yavonne Brand1 തുടങ്ങിയ ചുരീദാരിനെ കുറിച്ചും, ഈ വരവിനെങ്കിലും നിനക്ക് ഒരു Yellow Sapphire birthstone റിംഗ് വാങ്ങണം എന്നൊക്കെയാണ് ഉദ്ദേശം എന്നൊക്കെ പറഞ്ഞു വാചാലനായപ്പോള് അവള് ഒന്നും മിണ്ടിയില്ല...പക്ഷെ ഞാന്‍ കാന്റീനില്‍ പോയി ഒരു ചായ കുടിച്ചു തിരിച്ചു വന്നപ്പോള്‍ ഒരു മെയില്‍ ഇന്‍ബോക്സില്‍ ഉണ്ട്.
ഞാന്‍ മെയില്‍ എന്റെ ബോസിന് ഫോര്‍വേഡ് ചെയ്തു കമ്പനിയില്‍ ലീവ് അപേക്ഷിച്ചു....എന്താണെന്നറിയില്ല..ഒരു മാസത്തെ ഇന്റര്‍നെറ്റ് ബില്‍ കുറയ്ക്കാനാണോ അതോ എന്നോടുള്ള സ്നേഹം കൊണ്ടാണോ ലീവ് പെട്ടന്ന് അനുവദിച്ചു.ബോസ് എന്നെ റൂമിലേക്ക് വിളിപ്പിച്ചു,..ദിലീപ് നീ വിഷമിക്കേണ്ടാ , ആളെ ദൈവം തിരിച്ചു വിളിച്ചു എന്നൊക്കെ അറബിയിലും ഇന്ഗ്ലീഷിലും ഒക്കെയായി അയ്യാള് പറഞ്ഞു.ഇയ്യാള്ക്കിതെന്തിന്റെ കേടാണ് ???ആര് ആരെ തിരിച്ചു വിളിച്ചു എന്നാണ് സാറ് പറയുന്നെതെന്നു ചോദിക്കാന്‍ വന്നപ്പോള്‍ ആണ് അബദ്ധം മനസ്സിലായത്. പിന്നെ റൂട്ട് മാറ്റി....... സര് നിങ്ങളൊക്കെയാണ് എന്റെ ധൈര്യം.... നിങ്ങളില്ലെങ്കില്‍ ഞാന്‍ ഇല്ല എന്നൊക്കെ പറഞ്ഞൊപ്പിച്ചു....... പിന്നെ പുല്ല്... ഇവനൊന്നുമില്ലെങ്കില് ഞാനങ്ങു ആവിയായി പോകില്ലേ?????പക്ഷെ എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അയ്യാളുടെ മുഖത്ത് ഭയങ്കരമായി സങ്കടം വരുന്നത് കണ്ടു...... ഞാന്‍ ആലോചിച്ചു... പണ്ടാരമടക്കാന്‍ ഇയ്യാളുടെ അപ്പൂപ്പന് ആണോ ഇനി മരിച്ചു എന്ന് ഞാന്‍ പറഞ്ഞത് ... അതോ എന്റെ അപ്പൂപ്പനൂ പണ്ടെങ്ങാനും അബദ്ധം പറ്റിയതാണോ ഇയ്യാള്...... എന്തായാലും എന്റെ മുഖത്തും കുറച്ചൊക്കെ വിഷമം ഉണ്ടാകാന്‍ ഞാനും ശ്രമിച്ചു അത് വിജയിച്ചു .....പക്ഷെ അപ്പോളത്തെ എന്റെ മുഖം ...പൈല്‍സ് രോഗി ടോയിലെറ്റില്‍ ഇരുന്ന പോലെ ആയിരുന്നു എന്ന് സെക്രട്ടറി ഫിലിപ്പെനി പെങ്കൊച്ചു പിന്നീട് എന്നോട് പറഞ്ഞു....
അങ്ങനെ നാട്ടിലേക്ക്.....എയര്‍പോര്‍ട്ടിലെ ബാറില്‍ കയറി അവരുടെയൊക്കെ സുഖവിവരം, അന്വേഷിച്ചു അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ കൊടുത്തു ..പിന്നെ അവര്‍ തന്നെ 2 കയ്യിലും പിടിച്ചു ബോര്‍ഡിംഗ് ഗേറ്റ് വരെ കൊണ്ട് വന്നു എത്തിച്ചു തന്നു...അവിടുന്ന് നമ്മുടെ അഭിമാനം എയര്‍ ഇന്ത്യയില്‍ കൊച്ചിയിലേക്ക്...അവര്‍ കൃത്യനിഷ്ടത തെറ്റിച്ചില്ല...കോഴിക്കോട് ഇറക്കി... പൊട്ടന് ബിസ്കറ്റ് കണ്ട പോലെ അവിടെ കുറെ നേരം തിരിഞ്ഞു കളിച്ചു. അവിടുന്ന്..ഒരു ടാക്സിയില്‍ ആലപ്പുഴയിലേക്ക് കുതിച്ചു....ഫ്ലൈറ്റ് കോഴിക്കോട് ഇറങ്ങി എന്ന് അറിഞ്ഞ ഉടന്‍ എന്നെ സ്വീകരിക്കാന്‍ വീട്ടില്‍ നിന്ന് വന്ന അച്ഛനും അമ്മയും ഭാര്യയും മക്കളും പിന്നെ വഴിയില്‍ കണ്ടവരെയൊക്കെ അച്ഛന് വിളിച്ചു കയറ്റിയായിരുന്നു....എല്ലാരും കൂടെ കോഴിക്കോട്ടേക്കും .കുതിച്ചു.അത് പിന്നീടാണ് അറിഞ്ഞത്.
വീട്ടില്‍ വന്നു കയറിയ ഞാന്‍ ഞെട്ടിപ്പോയി...വീട് പൂട്ടിയിട്ടിരിക്കുന്നു. ഫ്ലയിട്ടു കോഴിക്കോട് ഇറങ്ങിയത് അറിഞ്ഞാല്‍ എന്നെ സ്വീകരിച്ചു ആനയിക്കാന്‍ വന്നവര്‍ തിരിച്ചു പോരും എന്നു കരുതി അവരെ വിളിച്ചുമില്ല.. മൊബൈല്‍ സിം കാര്‍ഡും ഇല്ല മാത്രമല്ല വീട്ടില്‍ എനിക്ക് 80 വയസ്സായ ഒരു മുത്തശ്ശി ഉണ്ടായിരുന്നു...ആ ഐറ്റത്തിനെയും കാണുന്നില്ല.
ടാക്സിക്കാരന് ചേട്ടനോട് വെള്ളം കാണുമോ ഇത്തിരി കുടിക്കാന്‍ തരാന്‍ എന്ന് ചോദിച്ചു
റേഡിയേട്ടരില് ഒഴിക്കുന്ന വെള്ളം ഉണ്ട്..
പിന്നല്ല!!!!! അതുമതി...
ഡ്യൂട്ടി ഫ്രീ സ്പെഷ്യല്‍ ഒന്നെടുത്തു പൊട്ടിച്ചു എന്റേയും ഡ്രൈവര്‍ ചേട്ടന്റെയും റേഡിയെട്ടര് തണുപ്പിച്ചു ടാക്സി പൈസ കൊടുത്തു ചേട്ടനെ പറഞ്ഞു വിട്ടു ..റോഡിന്റെ വീതി 2 സൈഡും അളന്നു ചേട്ടന് പോകുന്നത് നോക്കി നിന്നു.പക്ഷെ പിന്നീട് ആരോ പറഞ്ഞു അന്ന് രാത്രി ടാക്സി ചേട്ടൻ അന്തിയുറങ്ങിയത് എന്റെ വീടിന്റെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ആയിരുന്നു എന്നും പിറ്റേന്ന് രാവിലെ മൂവായിരം രൂപ ഇഷ്ട്ടദാനം കൊടുത്തിട്ടാണ് വണ്ടിയുമായി കോഴിക്കോടിനു പോയതെന്നും . വീട്ടിലേക്കു ഗേറ്റ് തുറന്നു കയറി... സാനിയ പക്ഷെ ഉള്ളിലേക്ക് കയറ്റുന്നില്ല..ഭയങ്കര ബഹളം...വീട്ടിലെ പട്ടിയുടെ പേരാണ്... സാനിയ...ഡീ ഇത് ഞാനാടി... നിന്റെ ദിലീപേട്ടൻ ....മ...മം..ഹും ആവുന്നത്ര താഴ്മയായി അവളോട് ഇടപെട്ടിട്ടും നോ രക്ഷ......... TV യിലൊക്കെ വരുന്ന പീഡന വാര്‍ത്തകള്‍ അവളും കേള്‍ക്കുന്നതല്ലേ അവള് അടുത്തേക്ക് ചെല്ലാന്‍ പോലും സമ്മതിച്ചില്ല..വീണ്ടും പെട്ടിയും ബാഗും എടുത്തു ഗേറ്റിനു വെളിയില്‍ ഇരുന്നു...പലരും വന്നു പോകുന്നുണ്ടായിരുന്നു.
ചിലര്‍ ചോദിച്ചു എന്താ ഇവിടെയിരിക്കുന്നത്...
വെയില് കായാന്‍ ഇരിക്കുകയാണ്....പിന്നെ അവര്‍ ഒന്നും ചോദിക്കില്ല..........എന്റെ ക്ഷമയുടെ അവസാനം എന്തൊക്കെ ആണോ??? അതെല്ലാം കണ്ടിരിക്കുകയാണ്
ദാ വരുന്നു വാസു മാമന്........ ഞങ്ങളുടെ നാട്ടിലെ ഒരു പ്രായം ചെന്ന മനുഷ്യന് ആണ് അതിനാല്‍ എല്ലാരും മാമന് ചേര്‍ത്തു മാത്രമേ വിളിക്കു..
ആഹാ ഇതാര് കുഞ്ഞോ??? അയ്യോ എന്റെ ദിലിമോനെ കണ്ടിട്ട് മനസ്സിലായില്ലല്ലോ...അങ്ങ് മെലിഞ്ഞു പോയല്ലോ??എത്ര ഞാൻ എടുത്തുകൊണ്ടു നടന്നു വളർത്തിയതാണ് .......
ഹും മെലിഞ്ഞുപോയത്രേ......കൊടവയര്‍ കാരണം എന്റെ കാല്‍മുട്ടുകളും കാൽ പാദവും ഞാൻ കണ്ടിട്ട് വർഷങ്ങൾ ആകുന്നു....
മോനെപ്പൊ വന്നു പേര്‍ഷ്യയില്‍ നിന്ന്????
അടുത്ത ചോദ്യം നല്ല ഉറപ്പുള്ളത് കൊണ്ട് തയാറെടുത്തു തന്നെ മറുപടി പറഞ്ഞു
കുറച്ചു നേരം ആയി.....
കുഞ്ഞു ഇനി എന്ന് പോകുന്നു........
!!!!!!@@@@@#######$$$$$$%%%5%$%$%%#$%
കുറച്ചു നേരം ശാന്തമായിരുന്നു,.....മാമനോട് ചോദിച്ചു...
മാമനും നാരായണന് വല്യച്ചനും ഒരു പ്രായം അല്ലായിരുന്നോ???
അതെ കുഞ്ഞേ....എന്താ......
അല്ല കഴിഞ്ഞ പ്രാവശ്യം ഞാന്‍ നാരായണന് വല്യച്ഛന്റെ സന്ജയനവും 16 അടിയന്തിരവും കഴിഞ്ഞാണ് പോയത്...
ഇപ്രാവശ്യം ഇനി ആരുടെയാണോ???? ആവോ??? കൂടാന്‍ പറ്റുന്നത്....
ആ തങ്കപ്പെട്ട മനുഷ്യന് നിന്ന നില്പ്പില് തിരിഞ്ഞു പിന്നെ വന്നത് പോലെ പോകുന്നത് കണ്ടു...കൂടെ തനിയെ ചില വാചകങ്ങളും ഉരുവിട്ട് കൊണ്ട്..ഒന്ന് ഞാന്‍ ചെവിയോര്‍ത്തു.....
നീയൊന്നും ഒരിക്കലും കോണം പിടിക്കില്ലെടാ ....നീയൊക്കെ ഏതു രാജ്യത്ത് പോയാലും അവിടേം മുടിഞ്ഞു പോകും....എന്റെ ദൈവമേ...ഇവനെയൊന്നും കാലനും വേണ്ടേ????
ഹോ സന്തോഷമായി....ഒരാള്‍ക്ക് ഇന്നതേക്കായി....ഒരു Dunhill സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോളാണ് മാമനു ഒന്നും കൊടുത്തില്ലല്ലോ എന്നോര്‍ത്തത്...
വിളിച്ചു...മാമാ പോകുവാണോ????
മറുപടി കിട്ടി...അല്ല കഴുവേര്ര്ടാ മോനെ... ഞാന്‍ ഇനി അവിടെ പൊറ്തിക്കു വരാം.
മനസ്സിലൊരു കുളിര്‍മഴ പെയ്ത പോലെ..... നാട്ടില്‍ വന്നതേയുല്ലു..കിട്ടിത്തുടങ്ങി...
ഒരു കാര്‍ ഓടണോ വേണ്ടയോ എന്ന് ആലോചിച്ചു ഓടി വരുന്നു...ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി ബാക്കില്‍ തല വെളിയിലേക്ക് നീട്ടിയിരിക്കുന്നത് അച്ഛനാണ്.... പിന്നെ 2 കാല് മുന്‍പിലത്തെ വിന്റ്റൊയിലുടെ പുറത്തേക്കു കാണുന്നത് ആരുടെ?? കാറ് അടുത്ത് വന്നു നിറുത്തിയപ്പോള്‍ എല്ലാം മനസ്സിലായി എന്നെ കാണാന്‍ ഉള്ള ആഗ്രഹം കൊണ്ടല്ല അച്ഛന് തല നീട്ടിയത്.... അകത്തു വളഞ്ഞു നില്ക്കാന് പറ്റാത്തകൊണ്ട് തല വെളിയിലേക്ക് നീട്ടി ഫിറ്റു ചെയ്തതാണ്..ഒരു കുട്ടുകാരന് ഫ്രെണ്ടില്‍ ഇരിക്കാന്‍ സ്ഥലം ഇല്ലാത്തതു കൊണ്ട് 2 പേരുടെ മടിയില്‍ നീളത്തില്‍ കിടക്കുകയായിരുന്നു....മാക്സിമം 5 പേര്‍ക്ക് ഇരിക്കാവുന്ന കാറില്‍ 9 പേര് ..ഡോര്‍ തുറന്നതും 4 സൈഡില്‍ നിന്നും 4 പേര് തെറിച്ചു പുറത്തേക്കു...കംപ്രസ്സ് ചെയ്തു വെച്ചിരിക്കുകയായിരുന്നു....
കൂടുകാരെയൊക്കെ പിന്നെ കാണാം എന്ന് പറഞ്ഞു യാത്രയാക്കി വീടിലേക്ക് കടന്നു.....ആര്‍ക്കും മിണ്ടാട്ടമില്ല.....
കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ റോബോട്ടിനെ കണക്കു നടക്കുന്ന അച്ഛനോട് ചോദിച്ചു ...എന്താ അച്ഛാ വൈകിയത്....
ഡാ... ഇതൊക്കെ എന്റെ കുഴപ്പം തന്നെ.....ഇപ്പോളല്ല പണ്ട് ഞാന്‍ ആലോചിക്കണമായിരുന്നു.... കഴിഞ്ഞു അച്ഛന്റെ റോള്‍ കഴിഞ്ഞു....
അല്ല അമ്മേ ആക്ച്വലി എന്താ സംഭവിച്ചത്...എല്ലാവരും ലേറ്റ് ആയതു എന്താണ്???
ഞങ്ങളെ ഉപദ്രവിച്ചു മതിയായെങ്കില്‍ നിറുത്തികൂടെ നിനക്ക്... !!!!!!!!!..(അമ്മ നരസിംഹം സിനിമയിലെ തിലകന് ചേട്ടന്റെ ടയലോഗ് കടമെടുത്തു)............ആലപ്പുഴ..കൊച്ചി..കൊച്ചി..കോഴിക്കോട് ...കോഴിക്കോട് കൊച്ചി ...കൊച്ചി ആലപ്പുഴ....കാലത്ത് മുതല്‍ തുടങ്ങിയതാ......അമ്മ..........ആ റോളും കഴിഞ്ഞു..
ഈശ്വരാ...ഇവരിതെന്തോന്നു...കേരള പര്യടനം കഴിഞ്ഞു വന്നതോ ........
പിന്നെ മുത്തശ്ശി ........ തറയില്‍ ഇരുന്നു നിരങ്ങി അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നു...കാറിലിരുന്നു കാലു മരവിച്ചു അത്രേ..
മുത്തശ്ശി എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ??????ഈ വയ്യാത്ത ആള് ഇത്ര ദൂരം വരണമായിരുന്നോ???
വിശേഷം!!!!!!!....ഹോ എന്റെ ദൈവമേ..... ഇവനെയൊക്കെ ഏതു നേരത്ത് ഒണ്ടാ........വേണ്ടാ ഞാനൊന്നും പറയുന്നില്ലാ......മുത്തശ്ശി നിരങ്ങിതന്നെ അകത്തേക്ക് പോയി....
എടീ ഭാര്യെ നീയെങ്കിലും പറയെടി ...എന്താണ് പറ്റിയത്...
നിങ്ങളിനി എന്ന് നന്നാവാനാ ...എന്റെ ദേവി എന്റെ തലയില്‍ തന്നെ ഈ സാധനം വന്നു പെട്ടല്ലോ????
നീ കാര്യം പറയെടി പുല്ലേ??? ഞാന്‍ ചുടായി.......
നിങ്ങള്‍ ഇങ്ങോട്ട് കെട്ടിയെടുത്തു എന്ന് എന്താ വിളിച്ചു പറയാഞ്ഞേ???
യ്യോടി ഇതാ ഇപ്പൊ നന്നായെ.....എല്ലാരും കൂടി കോഴിക്കോടിനു വെച്ചലക്കാന്‍ ആര് പറഞ്ഞു???
നിങ്ങടച്ചനോട് പോയി ചോദിക്ക്...
എന്തോന്നെടി ഇത് .... വന്നു കയറിയ ഉടനെ അപ്പന് വിളിക്കുന്നോ???
അതല്ല അച്ഛനാണ് പ്രക്യാപിച്ചത് .... എന്നാ വണ്ടി കോഴിക്കോടിനു വിടെടാ...... എന്ന്... അവള് കയ്യൊഴിഞ്ഞു...
അത് ശരി എന്നിട്ടാണ് എല്ലാരും കൂടി എന്റെ നെഞ്ചത്ത് കയറി നിന്ന് ഷോട്ട് പുട്ട് എറിഞ്ഞു കളിക്കുന്നത്. അച്ചോ നമിച്ചിരിക്കുന്നു....എടുക്കു റസ്റ്റ് എടുക്കു...അല്ല പിന്നെ...
ഡാ ഞാനങ്ങോട്ടു എഴുന്നേറ്റു വന്നാല്‍ നിന്നെ കാലേ പിടിച്ചു നിലത്തിട്ടടിക്കും ..അച്ഛന്റെ മുന്നറിയിപ്പ്...
ഒരു ഞരക്കം കേട്ട് നോക്കിയപ്പോള്‍ കാറ് സ്റ്റാര്‍ട്ട് ചെയ്യാനുള്ള ഒരുക്കത്തില്‍ ആണ്...ഡ്രൈവര്‍ ചേട്ടന് പാവം എങ്ങനെയോ ഓടിച്ചു പോയി ...2 ദിവസം കഴിഞ്ഞു കാറിന്റെ എഞ്ജിന് പണി കഴിഞ്ഞു എന്നറിഞ്ഞു...കൂടാതെ 4 പെറ്റി കേസ് ഉണ്ടെന്നും.പിന്നെ ഞാന്‍ ജീവിതത്തില്‍ കേള്‍ക്കാത്ത തെറികളും എന്നെ വളരെ പ്രാസത്തില്‍ തന്നെ അയാള്‍ വിളിച്ചു. ഞാന്‍ എന്റെ ഡയറിയില്‍ കുറിച്ച് വെച്ചിട്ടുണ്ട്..മറക്കാതിരിക്കാന്‍..... ആവശ്യക്കാര്‍ ചോദിച്ചാല്‍ മതി കേട്ടൊ... തരാം....
പോണ്ടാട്ടിയോടു ഭക്ഷണവും വാങ്ങി കഴിച്ചു നേരത്തെ ഉറങ്ങാന്‍ കിടന്നു ...അവളോട് പറഞ്ഞു...നാളെ ഉത്രാടം അല്ലെ???രാവിലെ തന്നെ എഴുന്നേല്‍ക്കണം ഓണം തുടങ്ങുവല്ലേ???
ഓ ഇനി ഓണത്തിന് എന്നാ കാണിക്കാനാ....നിങ്ങള്‍ക്ക് എത്ര തല്ലു കിട്ടിയാലും നാണമില്ലേ???നാട്ടുകാര്‍ക്ക് പണിയുണ്ടാക്കാന്‍????...നല്ല പ്രോത്സാഹനം അവളുടെ വക.. .....എന്തായാലും ഉറങ്ങാന്‍ പോകുന്നു.....വീട്ടുകാരുടെ സ്നേഹപൂര്‍ണമായ സ്വീകരണം കിട്ടിയ സന്തോഷത്തോടെ .... ഇനി ഓണ വിശേഷങ്ങളുമായി ഉടനെ വരാം.....
ഒത്തിരി സ്നേഹത്തോടെ ......
Dileep
കുഞ്ഞ് ഇനി എന്ന് പോകുന്നു
മറുപടിഇല്ലാതാക്കൂഹഹഹ....!!!